എന്റെ ഈ കൊച്ചു ലോകത്തിലേക്ക്‌ സ്വാഗതം, നിങ്ങളുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്... അത് കൊണ്ട് തന്നെ നിങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി വിടാന്‍ മറക്കരുത്

Friday, October 29, 2010

അവസാനത്തെ മീന്‍..

എന്റെ രണ്ടു അടുത്ത ബന്ധുക്കള്‍...ചെറുപ്പത്തിലേ നല്ല കളിക്കൂട്ടുകാര്‍....എത്രത്തോളം എന്നാല്‍ ഒരേ പ്ലേറ്റില്‍ ഭക്ഷണം കഴിച്ചു ഒരേ പായയില്‍ കിടന്നുരങ്ങിയിരുന്നവര്‍....(ഇന്ന് അവര്‍ രണ്ടു പേരും വര്‍ഷത്തില്‍ ഒരു പ്രാവശ്യം എങ്കിലും പരസ്പരം കാണാറുണ്ടോ എന്നത് സംശയമാണ്...അത് നമ്മുടെ കഥയുമായി ബന്ധമില്ലാത്തതിനാല്‍ അതിനെ നമ്മള്‍ കാര്യമായി എടുക്കുന്നില്ല)....അവര്‍ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞു വെറുതെ വടക്ക് കിഴക്ക് നടക്കുന്ന പ്രായം.... അന്ന് അവര്‍ക്ക് ഉണ്ടായിരുന്നത് അല്ലറ ചില്ലറ സീസണ്‍ പണികള്‍ ആയിരുന്നു.. ....സീസണ്‍പണി എന്ന് പറഞ്ഞാല്‍ മഴക്കാല സീസണില്‍ വലയും ചൂണ്ടലും ആയി ഇറങ്ങുക....വേനല്‍ ക്കാല സീസണില്‍ കാണുന്ന പ്ലാവിന്റെ മുകളിലും മാവിന്റെ മുകളിലും പറങ്കിമാവന്റെ മുകളിലും കയറി തിന്നാന്‍ പറ്റുന്നതൊക്കെ അകതാക്കലും പിന്നെ അന്തരീക്ഷത്തിലെ മുകളിലുള്ളതും താഴെ ഉള്ളതുമായ തണുപ്പിന്റെയും ചൂടിന്റെയും വ്യത്യാസം അറിയലും..... അങ്ങിനെ വേനല്‍ തുടങ്ങിയ ദിവസങ്ങളില്‍ ഒരു ദിവസം അവര്‍ അങ്ങിനെ വടക്ക് നിന്ന് കിഴക്കോട്ട് നടക്കുന്ന സമയം... അതാ ഒരു തോട് .... തോട്ടിലെ വെള്ളമൊക്കെ വേനലില്‍ വറ്റി തുടങ്ങിയിരിക്കുന്നു....അവര്‍ രണ്ടു പേരും കൂടി കൂടിയാലോചന നടത്തി തോട് വറ്റിക്കാന്‍ പരിപാടിയിട്ടു...അങ്ങിനെ പിറ്റേ ദിവസം രാവിലെ രണ്ടു പേരും പ്രഭാത ഭക്ഷണം ഒക്കെ കഴിഞ്ഞു ബക്കറ്റും തൊട്ടിയുംഒക്കെ ആയി തോട് വറ്റിക്കാന്‍ ഇറങ്ങി....അങ്ങിനെ വെള്ളം ഒക്കെ വറ്റിച്ചു അവര്‍ മീനിനെയെല്ലാം പിടിച്ചു ബക്കറ്റില്‍ ആക്കി....വഴി പോകുന്ന സ്കൂള്‍ കുട്ടികളും ക്ലാസ്‌ കട്ട് ചെയ്തു അവരോടൊപ്പം ചേര്‍ന്ന്....പുറത്തു കാണുന്ന മീനിനെയൊക്കെ പിടിച്ചു ബക്കറ്റില്‍ ആക്കിയതിനു ശേഷം രണ്ടുപേരും മാളങ്ങളില്‍ ഉള്ള മീനുകളെ പിടിക്കാന്‍ തുടങ്ങി...ഓരോ മാളത്തിലും കയ്യിട്ടു വലിയ വലിയ മീനുകളെ അവര്‍ പുറത്തെടുത്തു.....എല്ലാ മീനിനെയും പിടിച്ചു അവര്‍ നിറുത്തി പോവാന്‍ നേരത് അതാ രണ്ടു മാളങ്ങളില്‍ നിന്നും മീനിന്റെ പിടചല്‍ കേള്‍ക്കുന്നു. ...അവര്‍ പിന്നെയും തോട്ടിലേക്ക് തന്നെ ഇറങ്ങി ഓരോരുത്തരും ഓരോ മാളത്തില്‍ കയ്യിട്ടു....ഒരാള്‍ മറ്റേ ആളോട് പറഞ്ഞു : "എടാ എനിക്ക് കിട്ടി" ...മറ്റവനും പറഞ്ഞു "എനിക്കും കിട്ടി...വലിയ സാധനം തന്നെയാണെന്ന് തോനുന്നു.." ...രണ്ടു പേരും പിടിച്ചു വലിച്ചു.. പോരുന്നില്ല....ആഞ്ഞു വലിച്ചു....അതോടെ ഒരാളുടെ കയ്യില്‍ നിന്ന് സാധനം തെന്നി പോയി....അതോടെ അതാ മറ്റവന്‍ സാധനം കിട്ടി എന്ന് പറഞ്ഞു പുറത്തേക്കു എടുത്തതും...
... അസ്സല്‍ ഒരു മൂര്‍ക്കന്‍ പാമ്പ്‌...രണ്ടു പേരും പിടിച്ചു വലിച്ചതും ഇതേ സാധനത്തെ തെന്നെ ആയിരുന്നു...ഒരാള്‍ തലയും മറ്റേ ആള്‍ വാലും...
രണ്ടു പേരും ആകെ ഞെട്ടിത്തരിച്ചു പോയി എന്ന് മാത്രമല്ല ഒരാള്‍ ബോധം കേട്ട് ആ ചളിയില്‍ തന്നെ വീണു എന്നാണു കുട്ടികള്‍ പറയുന്നത്......





വാല്‍ക്കഷ്ണം :
അന്ന് രാത്രി ഈ സംഗതി ഓര്‍ത്തു അവര്‍ക്ക് ഉറക്കം വന്നില്ല എന്ന് മുതിര്‍ന്നവര്‍.....
ഇപ്പോഴും ഇടക്കൊക്കെ ഈ സംഭവം രണ്ടു പേരും ഉറക്കത് കണ്ടു ഞെട്ടുന്നുന്ടെന്നാണ് അവരുടെ അമ്മായിമാര്‍ രഹസ്യം പറയുന്നത് .....ഏതായാലും അതിന്നു ശേഷം അവര്‍ ആ പണിക്ക് ഇന്ന് വരെ ഇറങ്ങിയിട്ടില്ല......

Thursday, October 28, 2010

ഉസ്താദും മോട്ടോറും




ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു ഉസ്താദ്‌....(അദ്ധേഹത്തിന്റെ പേര് ഞാന്‍ പറയില്ല...... ഒരു ക്ലൂ തരാം...മൂപ്പര്‍ ഇംഗ്ലീഷ് ഭാഷയിലെ രണ്ടു അക്ഷരങ്ങള്‍ കൊണ്ടാണ് അറിയപ്പെടുന്നത്..) മൂപ്പര്‍ക്ക്‌ എന്നും ഒരു വീട്ടില്‍ നിന്ന് തന്നെയായിരുന്നു ഭക്ഷണം ......എല്ലാ സമയവും ആ വീട്ടില്‍ തന്നെ കാണും ..മൂപ്പര്‍ ആ വീട്ടിലെ ഒരു മെമ്പര്‍ എന്നത് പോലെ തന്നെയാണ് പെരുമാറ്റം...വീട്ടിലെ അല്ലറ ചില്ലറ പണികള്‍ മൂപ്പരുടെ ഉത്തരവാദിത്തത്തില്‍ പെട്ടത് ആയിരുന്നു....അതില്‍ പെട്ടതായിരുന്നു അവിടത്തെ ഡീസല്‍ മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ആക്കി ടാങ്കില്‍ വെള്ളം നിറയ്ക്കുന്ന പണി (ആ വീട്ടിലെ ആര്‍ക്കും ഈ പണി അത്ര എളുപ്പമായിരുന്നില്ല , അത് കൊണ്ട് മൂപ്പര്‍ തന്നെ ആയിരുന്നു മോട്ടോര്‍ ഓപ്പറേറ്റര്‍ )... അങ്ങിനെ ഒരു ദിവസം മൂപ്പര്‍ ളുഹര്‍ നിസ്കാരം ഒക്കെ കഴിഞ്ഞു ചോറ് തിന്നാന്‍ വേണ്ടി വന്ന സമയം.....അപ്പോഴാണ്‌ വീട്ടുകാര്‍ പറയുന്നത് ടാങ്കില്‍ ഒരു തുള്ളി വെള്ളം ഇല്ല എന്ന്....മൂപ്പര്‍ ഡീസല്‍ മോട്ടോറിന്റെ അടുത്തേക്ക് ഓടി....മോട്ടോര്‍ സ്റ്റാര്‍ട്ട്‌ ആക്കാന്‍ ഉപയോഗിക്കുന്ന ഹാന്‍ഡില്‍ എടുത്തു മൂപ്പര്‍ സ്റ്റാര്‍ട്ട്‌ ആക്കാന്‍ തുടങ്ങി....അപ്പോള്‍ എവിടെ നിന്നാണ് എന്ന് അറിയില്ല ഒരു ചെറിയ കാറ്റ് അടിച്ചു വീശി.....മൂപ്പരുടെ മുണ്ടു പാറി മോട്ടോറിന്റെ ഉള്ളില്‍ കുടുങ്ങി...പിന്നെ പറയണോ കഥ....മൂപ്പരും അതാ കറങ്ങുന്നു....പടച്ചവന്റെ കാരുണ്യം എന്ന് പറയാം മൂപ്പര്‍ എങ്ങിനെയോ തടി കൈചിലാക്കി .....പക്ഷെ സ്ഥിരമായി അടിവസ്ത്രം ധരിക്കാത്ത മൂപ്പര്‍ മുണ്ട് പോയതോടെ അടുത്ത് ഒരു മരത്തിന്റെ മറയത് നിന്ന് വിളിച്ചു പറഞ്ഞു "....മറിയേ.....മറിയേ...... (ആ വീട്ടിലെ ഗ്രഹനായിക) നീ ഇങ്ങോട്ട് വരല്ലേ ....നീ ഇങ്ങോട്ട് വരല്ലോ.....ബഹളം കേട്ട് ചുറ്റുപാട് നിന്നും ആളുകള്‍ ഓടി ക്കൂടി ......മുണ്ട് ഇല്ലാതെ നില്‍ക്കുന്ന മൂപ്പരുടെ അവസ്ഥ കണ്ടതോടെ എല്ലാവരും ചിരിയോ ചിരി....... (ഇന്നായിരുന്നെങ്കില്‍ കണ്ടിരുന്നവര്‍ ചിലപ്പോള്‍ മൊബൈലില്‍ പകര്‍ത്തി അയച്ചു തരുമായിരുന്നു...)


വാല്‍ക്കഷ്ണം :
അത് വരെ അടിവസ്ത്രം (ട്രൌസര്‍) അലര്‍ജി ആയിരുന്ന മൂപ്പര്‍ ആ ദിവസം തന്നെ പേരാമ്പ്ര പോയി നാല് അടിവസ്ത്രം വാങ്ങി എന്നാണു അങ്ങാടി വര്‍ത്തമാനം....


Wednesday, October 27, 2010

ഗണേട്ടന്‍ മാഷ്‌







ഞാന്‍ കണ്ണോത്ത്‌ സ്കൂളിലെ പഠനം വളരെ വിജയകരമായി പൂര്‍ത്തിയാക്കി കൂത്താളി ഹൈസ്കൂളില്‍ അഡ്മിഷന്‍ നേടിയ സമയം... സാധാരണ പോലെ ജൂണ്‍ മാസത്തില്‍ ആരംഭിച്ച ക്ലാസ്‌...പുതിയ പുതിയ അധ്യാപകരെ പരിചയപ്പെട്ടുവരുന്ന സമയം....അധ്യാപകര്‍ ക്ലാസില്‍ വരുന്നു...കുട്ടികളെ പരിചയപ്പെടുന്നു...അങ്ങിനെ തുടക്കം ഒരു മെഗാ പരിചയപ്പെടല്‍ തന്നെ....അധ്യാപകര്‍ കുട്ടികളെ പരിചയപ്പെടുന്നത് അല്ലാതെ അവര്‍ സ്വയം പരിചയപ്പെടുതുന്നുണ്ടായിരുന്നില്ല... അധ്യാപകരുടെ പേരുകള്‍ ഒക്കെ ഞങ്ങള്‍ അറിഞ്ഞിരുന്നത് മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥി സുഹൃത്തുക്കളില്‍ നിന്നായിരുന്നു...പക്ഷെ അവര്‍ പറഞ്ഞു തരുന്ന പേരുകള്‍ അധികവും അധ്യാപകരുടെ "തിരി"പ്പേരുകള്‍ ആയിരിക്കും......അങ്ങിനെ ഒരു ദിവസം "കണക്ക്" പിരീഡ് കഴിഞ്ഞ ഉടനെ സയന്‍സ് പിരീഡില്‍ സയന്‍സ് മാഷ്‌ ക്ലാസ്സിലേക്ക് കടന്ന്നു വന്നു...വന്ന ഉടനെ അദ്ദേഹം ചോദിച്ചു കഴിഞ്ഞ പിരീഡ് ആരായിരുന്നു (ഏതു അധ്യാപകന്‍) ഇവിടെ ?? കുട്ടികള്‍ ആരും മിണ്ടുന്നില്ല... അതിന്നു എന്തായിരുന്നു കാരണം എന്ന് എനിക്ക് ഇപ്പോഴും അറിയില്ല....പക്ഷെ ധൈര്യത്തില്‍ ഞാന്‍ എണീറ്റ്‌ നിന്ന് പറഞ്ഞു "ഗണേട്ടന്‍ മാഷ്‌" ....സയന്‍സ് മാഷ്‌ എന്നെ പരുഷമായി ഒന്ന് നോക്കി....പിന്നെയും ചോദിച്ചു ആരായിരുന്നു ...ഞാന്‍ പിന്നെയും പറഞ്ഞു "ഗണേട്ടന്‍ മാഷ്‌" ...കുട്ടികള്‍ ഒക്കെ കൂട്ട ചിരി....അദ്ധ്യാപകന്‍ എന്നെ അദ്ധേഹത്തിന്റെ അടുത്തേക്ക് വിളിപ്പിച്ചു....എനിക്ക് കാര്യങ്ങള്‍ ഒന്നും മനസ്സിലാവുന്നില്ല....അദ്ദേഹം എന്നെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി....ഞാന്‍ ആകെ ഭയപ്പാടിലാണ്....സ്റ്റാഫ്‌ റൂമിലെത്തിയ ഉടനെ അദ്ദേഹം ഒരു ചൂരല്‍ വടി എടുത്തു എന്നെ നല്ലോണം തല്ലി (മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ "പള്ള നിറച്ചും" കിട്ടി ) ...ഞാന്‍ വാവിട്ടു കരഞ്ഞു...എന്നിട്ട് അദ്ദേഹം പറഞ്ഞു അധ്യാപകരെ പരിഹസിക്കരുത്....അവരുടെ പേര് അറിയില്ലെങ്കില്‍ മിണ്ടാതിരിക്കുക...അവര്‍ക്ക് വേറെ പേരൊന്നും ഇടാന്‍ നീ പോവണ്ട.... അപ്പോഴാണ്‌ എനിക്ക് കാര്യം മനസ്സിലായത്‌ "കണക്ക്‌ മാഷിന്റെ ഒറിജിനല്‍ പേര് അല്ല "ഗണേട്ടന്‍" എന്ന്..... ആ അടിയുടെ വേദന ഇന്നും കൈകളില്‍ അനുഭവപ്പെടുന്നത് പോലെ തോനുന്നു.....

വാല്‍ക്കഷ്ണം : സത്യത്തില്‍ എനിക്ക് ഇന്നും ആ മാഷിന്റെ യഥാര്‍ത്ഥ പേര് അറിയില്ല ട്ടോ....

പോള്‍ നീരാളി ചത്തു















ലോക കപ്പ് ഫുട്ബോള്‍ പ്രവച്ചനതിലൂടെ പ്രശസ്തനായ പോള്‍ നീരാളി ചത്ത് പോയി....മരിക്കാനുള്ള കാരണം അന്വേഷിക്കുന്ന വിദഗ്ധ വൈദ്യ സംഘത്തിനു ലഭിച്ച വിവരം ആരോ പോളിനോട് കേരളത്തിലെ എല്‍.ഡി.എഫ്-ന്റെ ഭാവിയെ പറ്റി ചോദിച്ചു ...ചോദ്യം കേട്ട ഉടനെ കുഴഞ്ഞു വീണ പോള്‍ ഉടനെ മരിക്കുകയും ചെയ്തു....


കുരക്കും പട്ടി കടിക്കില്ല

പണ്ടാരോ പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ കുരക്കും പട്ടി കടിക്കില്ല...ഞാന്‍ ആ വീട്ടിലേക്കു കയറി ചെല്ലുമ്പോള്‍ പട്ടി കുരക്കുന്നുണ്ടായിരുന്നു...പഴം ചൊല്ലില്‍ പതിരില്ല എന്നത് കൊണ്ട് ഞാന്‍ അത് കൂസാതെ അവിടത്തേക്കു കയറി ചെന്ന് ...പക്ഷേ അതാ വരുന്നു ഇത് വരെ കുരചിരുന്ന പട്ടി എന്റെ പിന്നില്‍ തന്നെ ...ഞാന്‍ ജീവനും കൊണ്ട് ഓടാന്‍ ശ്രമിക്കുന്നതിന്റെ മുമ്പ് തന്നെ എന്നും ഓടി എക്സിപെരിയാന്സു ഉള്ള പട്ടി എന്നെ കീഴ്പ്പെടുത്തി ഒരു കടിയും തന്നു ...













ആ ബഹളം കേട്ട് വീട്ടുകാരന്‍ പുറത്തേക്കു ഓടി വന്നു...ഞാന്‍ നടന്ന കാര്യങ്ങള്‍ ഒക്കെ വിവരിച്ചു കൊടുത്തു...അദ്ദേഹം വിവരിച്ചു തന്നപ്പോഴാണ് എനിക്ക് സത്യത്തില്‍ ആ പഴം ചൊല്ലിന്റെ അര്‍ഥം മനസ്സിലായത്‌.. പട്ടി കുറച്ചു കൊണ്ടിരിക്കുമ്പോള്‍ കടിക്കില്ല പോലും...മാത്രമല്ല ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു...നമ്മുടെ മലയാളത്തിലെ പഴം ചൊല്ലോന്നും ഈ പട്ടിക്ക് അറിയുന്ടാവില്ല... കാരണം ഈ പട്ടിയെ അങ്ങ് അമേരിക്കയില്‍ നിന്ന് കൊണ്ട് വന്നതാണ്....

Tuesday, October 26, 2010

ഒരു ലോറി അപകടം..





സംഭവ സ്ഥലം. : ഞങ്ങളുടെ നാട്ടിലെ കുയ്യന്ടത്തില്‍ താഴെ ജങ്ക്ഷന്‍....

സംഭവ സമയം : ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്. ഒരു ദിവസം രാവിലെ പത്തു പത്തരക്ക് ആണെന്ന് തോനുന്നു....

സംഭവം ഇങ്ങിനെ :

വയനാട്ടില്‍ നിന്നോ മറ്റോ മരവുമായി മലപ്പുറത്തേക്ക് പോവുന്ന ലോറി.. സ്റ്റോറിന്റെ അടുത്ത് ഉണ്ടായിരുന്ന ചായ പീടിക കണ്ടു മലപ്പുറത്തുകാരായ ഡ്രൈവറും സഹായികളും വണ്ടി സൈഡ് ആക്കി ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയം...അവര്‍ കണ്ടു കൊണ്ടിരിക്കെ ലോരിയതാ മെല്ലെ മെല്ലെ ..(ആ സിനിമാ പാട്ട് പാടിയോ എന്നറിയില്ല ) മറിഞ്ഞു കൊണ്ടിരിക്കുന്നു...അങ്ങിനെ നിങ്ങള്‍ ഫോട്ടോയില്‍ കാണുന്നത് പോലെ ശരിക്കും അങ്ങ് ചെരിഞ്ഞു വീണു... (അന്യ നാട്ടുകാരായ ഡ്രൈവര്‍ക്കും കൂട്ടളികല്‍ക്കുമുണ്ടോ അറിയുന്നു അത് വെറും ചളി സ്ഥലമാണ് എന്ന്..) അത് മാത്രമല്ല ഓട്ടോറിക്ഷയും ജീപ്പും എന്നും അവിടെ വച്ച് കഴുകിയിട്ട് സ്ഥലം ആകെ പതലായിരുന്നു...അങ്ങിനെ ഈ ഭാരമുള്ള ലോറിയെ ആ സ്ഥലത്തിന്നു താങ്ങാന്‍ പറ്റിയില്ല...

അവസാനം:
എവിടെ നിന്നോ ക്രെയില്‍ വരുത്തിച്ചു അത് പൊക്കി എടുത്തു കൊണ്ട് പോയി...(അതിന്നു സാക്ഷ്യം വഹിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല)

തമാശ:
നമ്മുടെ നാട്ടിലെ പല മര രാജാക്കന്മ്മാരും വന്നു ലോരിയിലുള്ള മരത്തിന്നു വില പറഞ്ഞു...പേരാമ്പ്ര അങ്ങാടിയില്‍ നിന്ന് വരെ ആളുകള്‍ വന്നിരുന്നു വില പറയാന്‍..കുറഞ്ഞ വിലക്ക് മരം കൈക്കലാക്കാന്‍ ആയിരുന്നു അവരുടെ പരിപാടി (താടിക്ക് തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കാന്‍ ശ്രമിക്കുന്നത് പോലെ) . പക്ഷെ അവര്‍ വിറ്റില്ല....

അതിലും വലിയ തമാശ

ലോറി മരഞ്ഞിട്ടും ഡ്രൈവര്‍ക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല...


വാല്‍ക്കഷ്ണം
ലോറി മറഞ്ഞ വിവരം പത്ത്‌ മിനിട്ടിനുള്ളില്‍ തന്നെ നാട്ടില്‍ പാട്ടായി..എല്ലാം മൊബൈല്‍ വഴി......പേരാമ്പ്രയില്‍ നിന്ന് വരെ വലിയ ഒരു ജനസഞ്ചയം തന്നെ ഒത്തു കൂടി...(ഈയുള്ളവും അതില്‍ ഒരാള്‍ ആയിരുന്നു.)...പിന്നെ ഫോരെസ്റ്റ്‌ ഉദ്യോഗസ്ഥരും ...അങ്ങിനെ ഒരു പാട് പേര്‍....പക്ഷെ പത്രക്കാരെയോ ടി.വി. ക്കാരെയോ കാണാന്‍ കഴിഞ്ഞിട്ടില്ല ട്ടോ.. (അവരുടെ നമ്പര്‍ ഒന്നും പാവം നമ്മുടെ നാട്ടുകാരുടെ കയ്യില്‍ ഉണ്ടാവില്ലായിരിക്കും..) .

പ്രവാസി
















എനിക്കും കവി ആകണം എന്നുണ്ട്..
പക്ഷെ അയ്യപ്പനെ പോലെ ആര്‍ക്കും വേണ്ടാതവനാക്കരുത്...

എനിക്കും ഒരു നോവലിസ്റ്റ് ആകണം എന്നുണ്ട്...
പക്ഷെ, സുരയ്യയെ പോലെ എന്നെ നാട് കടതരുത്...

എനിക്കും ഒരു രാഷ്ട്രീയക്കാരന്‍ ആവണം എന്നുണ്ട്..
പക്ഷെ, മഅദ്നിയെ പോലെ എന്നെ ജയിലില്‍ അടക്കരുത്..

എനിക്കും ഒരു നടന്‍ ആവണം എന്നുണ്ട് ...
പക്ഷെ ശാന്ത ദേവിയെ പോലെ എന്നെ ആട്ടിയകട്ടരുത്...


പക്ഷെ ഞാന്‍ ഇതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ടിപ്പോള്‍...
കാരണം ഞാന്‍ ഒരു പ്രവാസിയാണല്ലോ....

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes